കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിൽ പെട്ട ശാന്തിഗിരിയിലെ കൈലാസംപടിയിൽ ഭൂമിയിൽ വിള്ളൽ ഉണ്ടാകുന്ന പ്രതിഭാസം സോയിൽ പൈപ്പിങ് മാത്രമല്ലെന്നും മൺ പാളികൾ തെന്നി നിരങ്ങി നീങ്ങുന്നതാണെന്നും ദുരന്തനിവാരണ അതോറിറ്റി. പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇത് കണ്ടെത്തിയതിനെ തുടർന്ന് ഈ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കുവാൻ തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് ഈ തീരുമാനം. 20 ഏക്കറോളം സ്‌ഥലത്ത് ഗുരുതരമായ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇന്നലെ കൈലാസംപടിയിലെത്തിയ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പ്രദേശവാസികളുമായി വിഷയം ചർച്ച ചെയ്‌തു. മണ്ണ് നിരങ്ങി നീങ്ങുന്ന പ്രതിഭാസം ഉണ്ടെങ്കിലും മണ്ണിടിച്ചിൽ സാധ്യത കുറവാണ്. പ്രദേശം കൃഷിക്ക് അനുയോജ്യമാണ്. കനത്ത മഴ ഉണ്ടാകുമ്പോൾ വിള്ളലുകളിലേക്ക് വെള്ളം ഇറങ്ങി ഭൂമിയുടെ പാളി തെന്നി നിരങ്ങി നീങ്ങുന്ന പ്രതിഭാസമാണ് ഇപ്പോൾ ഉണ്ടാകുന്നത്. അതിനാൽ വീടുകൾ നിർമിച്ച് താമസിക്കുന്നതിന് യോജ്യമല്ല. ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. രണ്ട് ഘട്ടങ്ങളായിട്ടാകും കുടുംബങ്ങളെ മാറ്റി പാർപ്പിക്കുക. പ്രദേശവാസികൾക്ക് റിസ്‌ക് ഹസാർഡ് അനലിസ്റ്റ‌് ജി.എസ്. പ്രദീപും എൽഎസ്‌ജിഡി പ്ലാൻ കോർഡിനേറ്റർ തസ്ലിം ഫാസിലും വിഷയത്തിൽ വിശദീകരണം നൽകി കേളകം പഞ്ചായത്ത് പ്രസിഡന്റ് യോഗം ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തംഗം സജീവൻ പാലുമി അധ്യക്ഷനായിരുന്നു.
2003 മുതലാണ് ശാന്തിഗിരി പ്രദേശത്ത് ഭൂമിയിൽ വിള്ളൽ വീഴുന്ന പ്രതിഭാസം കണ്ടു തുടങ്ങിയത്. പലയിടങ്ങളിൽ വിള്ളൽ കണ്ടെത്തിയിരുന്നു. ഇതിൽ കൈലാസംപടയിൽ 2018 മുതൽ ഉണ്ടായിട്ടുള്ള വിള്ളൽ ആശങ്ക വർധിപ്പിച്ചു. ഇതിനെ തുടർന്ന് 10 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. തുടർന്നും വിള്ളൽ കൂടുതൽ പ്രദേശങ്ങളിൽ കണ്ടെത്തുകയും വിള്ളലിൻ്റെ വ്യാപ്‌തി വർധിച്ചു വരികയും ചെയ്‌തു. ഇതിനെ തുടർന്ന് മുപ്പതോളം വീടുകൾ ഭീഷണിയുടെ നിഴലിലായി. ഈ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് നടപടി അടിയന്തരമായി സ്വീകരിക്കണം എന്ന് സണ്ണി ജോസഫ് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ലിസ്റ്റും എം എൽ എ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാൽ ഈ ലിസ്റ്റിന് എതിരെ പഞ്ചായത്ത് പ്രസിഡൻ്റും മറ്റും രംഗത്ത് വന്നത് വിവാദമായിരുന്നു. സണ്ണി ജോസഫ് എംഎൽഎ നിയമ സഭയിലും വിഷയം അവതരിപ്പിച്ചു. ഇതിനെ തുടർന്ന് വിശദമായ പഠനം നടത്താൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. 2021 ലും 2024 ലും കൂടുതൽ പ്രദേശങ്ങളിൽ നിരവധി വിള്ളൽ ഉണ്ടായി. പ്രദേശം പ്രകൃതി ദുരന്ത ഭീഷണിയുടെ നിഴലിലായി. കഴിഞ്ഞ നവംബറിൽ നാഷനൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസിലെ വിദഗ്‌ധർ സ്ഥലത്ത് പഠനം നടത്തി. ഇലക്ട്രിക്കൽ റസിസ്‌റ്റിവിറ്റി സർവേയും നടത്തി. കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്‌ഞരും വിഷയത്തിൽ പഠനം നടത്തി. 350 ഏക്കറിൽ അധികം ഭൂമി വിള്ളലിൻ്റെ പരിധിയിൽ വരുമെന്നാണ് കണ്ടെത്തിയത്. വിള്ളലിൻ്റെ ഭീഷണി നേരിടുന്ന 10 കുടുംബങ്ങളെ അടിയന്തരമായി മാറ്റി പാർപ്പിക്കേണ്ടതാണെന്ന് ശുപാർശ ചെയ്തിരുന്നു. കൃഷി സംരക്ഷണത്തിനായി നീർത്തട പദ്ധതി പ്രദേശത്ത് ആവിഷ്കരിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്..
The earth's layers are sliding and moving at Kailash Path. 30 families will be relocated